Saturday, June 30, 2018

മഞ്ഞ മന്താരം




ഒരു പനി  കഴിഞ്ഞു എണീറ്റു ക്ഷീണത്തോടെ ഉമ്മറത്ത് വന്നു ഇരുന്നതായിരുന്നു. തീരെ വയ്യ തല തൂണിന്മേൽ താങ്ങി അസ്തമയം കണ്ടു. ഓറഞ്ച് നിറമുള്ള സൂര്യൻ ഗുൽമോഹർ മരങ്ങൾക്കിടയിൽ മറയുന്ന കാഴ്ച. ഞാനും അസ്തമയവും പ്രകൃതിയും എല്ലാം ഒന്നാണെന്ന് തോന്നുന്ന ചില നിമിഷങ്ങൾ. യാത്ര പറഞ്ഞു പോകുന്ന പൊൻ കിരണങ്ങൾ മുറ്റത്തെ മഞ്ഞ മന്ദാര ചെടിയ്ക്കുള്ളിലൂടെ എന്നെയും ഒളിഞ്ഞു നോക്കി. സന്ധ്യ ആയാൽ മന്താരത്തിന്റെ പൂക്കളെല്ലാം കൂമ്പി നില്കും. വീണ്ടും ഒരു പുലരിയിലേക്കു ഉണരാൻ വേണ്ടി. അന്നും അതെ കാഴ്ച തന്നെ കണ്ടു. അതിനിടയിൽ ഒരു നിറം മാറ്റം. അടുത്ത് ചെന്ന് നോക്കിയപ്പോൾ നെഞ്ചോന്നു പിടഞ്ഞു, ഒരു കൊമ്പു ഉണങ്ങി നില്കുന്നു.
ഓർമ വെച്ച നാൾ മുതൽ കാണുന്നതാണ് സ്വർണ വർണത്തിൽ നിറയെ പൂക്കളോടു കൂടി എന്നും വരവേൽക്കുന്ന മന്ദാര ചെടി. കണ്ണ് പറ്റാതിരിക്കാൻ ഈശ്വരൻ തന്നെ കുത്തിയ മറുകുണ്ട് ഒരു ഇതളിൽ.
കഞ്ഞി വെച്ച് കളിച്ച കാലത്തു ഇതിന്റെ ഇലയും കായും പൂവും ഒക്കെ പല നിറത്തിലുള്ള വിഭവങ്ങളായി നിരന്നിട്ടുണ്ട്. ഒറ്റയ്ക്ക് തള്ളിനീക്കിയ ബാല്യത്തിൽ കാറ്റിൽ കിലുങ്ങി എന്നോട് കുശലം ചോദിച്ച കൂട്ടുകാരി. മഴയിൽ നനഞ്ഞു വശ്യമായി ചിരിച്ചു മഴയെ പ്രണയിക്കാൻ പഠിപ്പിച്ച സുന്ദരി.
ഉണങ്ങിയ ആ കൊമ്പു എന്നോടുള്ള യാത്ര മൊഴി കാതിൽ പാടിയോ ?
വിളക്കു വെച്ച് അമ്മുമ്മ വിളിച്ചു " സന്ധ്യ നേരത്തു മുറ്റത്തു നിക്കണ്ട അകത്തേക്കു കയറു വല്ല ഇഴ ജന്തുക്കളും ഉണ്ടാകും ". കൂമ്പിയ ഒരു പൂവും കൊണ്ട് അകത്തേക്കു നടന്നു. പനിയുടെ ആണെന്ന് തോനുന്നു നല്ല ക്ഷീണം കയ്യും കാലും കുഴയുന്നു. നേരെ കട്ടിലിലേക്ക് വീണു.
ഒരാഴ്ച കഴിഞ്ഞു സ്കൂൾ വിട്ടു വന്ന ഒരു വൈകുന്നേരം ഉമ്മറത്ത് വെളിച്ചം ഒന്ന് കൂടിയ പോലെ. "ആ മന്ദാരം ഉണങ്ങി നിന്നതു അങ്ങ് വെട്ടി" അമ്മൂമ്മ എന്റെ ചോദ്യത്തിനു മുൻപേ മറുപടി തന്നു. ഓരോരോ കൊമ്പുകളായി ഒരു ആഴ്ച കൊണ്ട് ഏതാണ്ട് മുഴുവനായി ഉണങ്ങിയിരുന്നു . എന്നാലും വെട്ടി നിലത്തു കിടക്കണ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു വന്നു. "സാരമില്ല എത്ര കുരുക്കളാ വീണേക്കണേ ചിലപ്പോൾ കമ്പുമ്മേ തന്നെ പൊടിച്ചു വരും."
പിന്നീട് പൊടിച്ചു വന്നില്ല. അതിന്റെ ഒഴിവു നികന്നതും ഇല്ല. കാലം കുറെ മുന്നോട്ടു പോയി. മഞ്ഞ മന്ദാരത്തിനെ പിന്നീട് എവിടെയും ഞാൻ കണ്ടട്ടില്ല.

 രണ്ടാമത്തെ ഗർഭം ആയി ഇരിക്കുമ്പോൾ ആണ് തറവാട് വിറ്റത്. എനിക്കായി ഒരു യാത്ര മൊഴി പോലും ബാക്കി ആയില്ല. ജനിച്ചു വളർന്ന അകത്തളങ്ങൾ മനസ്സിൽ മാത്രമേ ഉണ്ടാകു എന്ന് അറിഞ്ഞ നിമിഷം എല്ലാം കണ്ണടച്ച് ഒന്ന് കാണാൻ ശ്രമിച്ചു. അമ്മൂമ്മയും ഞാനും കഥ പറഞ്ഞിരുന്ന അടുക്കള മുതൽ സന്ധ്യ നാമങ്ങൾ പഠിപ്പിച്ചു തന്ന തളം വരെ. അന്ന് ഞാൻ വീണ്ടും കണ്ടു ഉമ്മറത്ത് പൂത്തു നിൽക്കുന്ന മഞ്ഞ മന്ദാരത്തെ. ഒരു കണ്ണുനീർ തുള്ളി ആയി പോലും ഓർമ്മകൾ എന്നെ വിട്ടു പോകാതിരിക്കാൻ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
പിന്നീടുള്ള ക്രിസ്മസ് കാലത്താണ് മോള് ജനിച്ചത്. ഒറ്റ കുട്ടിയായി വളർന്ന എനിക്ക് ഏറെ ആഗ്രഹിച്ചു കിട്ടിയ പെൺ  കൂട്ട്.  ആദ്യമായി അവളെ കണ്ട മാത്രയിൽ അവളുടെ കയ്യിലെ മറുക് എന്നോട് സ്വകാര്യം പറഞ്ഞു "പഴയ തറവാട്ടിലെ പൂത്തുലഞ്ഞ മന്ദാരത്തിൽ നിന്നും ഒരു ഇതൾ അടർന്നു എന്റെ മടിയിൽ വീണിരിക്കുന്നു. എന്റെ ആമി."

No comments:

Post a Comment