Tuesday, October 30, 2018

നീലക്കണ്ണാടി



മക്കളെ ബസ് കയറ്റി വിട്ടു രാവിലത്തെ കാപ്പി കുടിച്ചു ഇരിക്കുമ്പോളാണ് അവൾ ആദ്യമായി ആ കണ്ണാടി ശ്രദ്ധിക്കുന്നത്. ഹാളിൽ അലങ്കാരത്തിനായി വെച്ചിരിക്കുന്ന നീല അരുകിൽ ഭംഗിയായി ചിത്രപ്പണി ചെയ്ത ഒരു കണ്ണാടി. പഴയ താമസക്കാർ ഉപേക്ഷിച്ചു പോയ ചില സാധനങ്ങളിൽ ഒന്നായിരുന്നു ആ കണ്ണാടി. അതിന്ടെ ഭംഗി കണ്ടു കളയാൻ തോന്നിയില്ല. അവർ വെച്ചിരുന്ന പോലെ തന്നെ ചുമരിൽ അത് അനക്കാതെ ഇരിപ്പുണ്ട്.

ചെറിയ മോനും സ്കൂൾ ജീവിതം തുടങ്ങിയതിൽ പിന്നെ ആണ് ഇത്രയും ഒറ്റപ്പെടൽ അനുഭവപെട്ടു തുടങ്ങിയത്. കുടുംബിനിയായതിൽ പിന്നെ ഉപേക്ഷിച്ച പുസ്തകങ്ങളിലേക്കു ഒരു തിരിച്ചു പോക്ക് എന്നും ആഗ്രഹിച്ചതാണ് എങ്കിലും വായിക്കാൻ ഇപ്പോൾ തോന്നാറില്ല. പല തരം  ചിന്തകൾ ആണ് മനസ്സിൽ നിറയെ. സങ്കല്പത്തിന്റെയും യാഥാർത്യത്തിന്ടെയും അതിർ വരമ്പുകൾ പലപ്പോളും നഷ്ടപ്പെട്ട് പോകുന്ന പോലെ.

യൗവനം കുടുമ്പത്തിനു വേണ്ടി ഹോമിച്ച ഒരുപാടൊരുപാട് വീട്ടമ്മമാരിൽ ഒരാളായി അവളും. പക്ഷെ എന്തോ ആ നീല കണ്ണാടിയിൽ നോക്കുമ്പോൾ അവൾക്കു സൗന്ദര്യം കൂടിയ പോലെ. യൗവനവും സ്വപ്നങ്ങളും ഒരു ലഹരി കണക്കെ അവളിലേക്ക്‌ ഇരച്ചു കയറി കൊണ്ടിരുന്നു. അങ്ങനെ നീല കണ്ണാടി അവൾക്കു ഓരോ ദിവസവും പുതിയ രൂപങ്ങൾ നൽകി. അവൾ പൂവായും പൂമ്പാറ്റയായും ആടി തിമർത്തു. മേഘങ്ങളായും മഴയായും പെയ്തിറങ്ങി.
 ഋതുബേധങ്ങൾ അവളെ പ്രണയിനിയും വിരഹിണിയും ആക്കി.

കടമകളും കർത്തവ്യങ്ങളും അവൾ മുറ തെറ്റാതെ ചെയ്തു പൊന്നു. ചോറിന്റെ വേവോ കറിയിലെ ഉപ്പോ പോലും വ്യത്യാസം വന്നില്ല. അലക്കി തേച്ച വസ്ത്രങ്ങളും പോളിഷ് ചെയ്ത ഷൂസും മാത്രം കണ്ടിരുന്നവർക്കു അത് ചെയ്ത കൈകളെ കാണാനായില്ല. അവളുടെ ലോകം നീലക്കണ്ണാടിയിലേക്കു ചുരുങ്ങി.

ഉടുത്തിരുന്ന സാരിക്ക് നിറം കൂടിയപ്പോൾ നെറ്റികൾ  ചുളിഞ്ഞു. കുപ്പി വളയും പാദസ്വരവും അവൾക്കു താളം കൊടുത്തപ്പോൾ സംശയത്തിന്റെ പിറുപിറുക്കൽ തുടങ്ങി. വലിയ വട്ട പൊട്ടിൽ അവൾ സ്വപ്നങ്ങൾക്കു നിറം കൊടുത്തപ്പോൾ അവൾ അഹങ്കാരിയായി. കണ്ണാടി കാണിച്ച ലോകത്തിൽ അവൾ സ്വതന്ത്രയായി ജീവിച്ചു. മനസ് തുറന്നു ചിരിച്ചു. എല്ലാം മറന്നു കരഞ്ഞു. അങ്ങനെ അവർക്കു അവൾ ഭ്രാന്തിയുമായി.

ഒരു ദിവസം അവജ്ഞയോടെ അയാൾ നീല കണ്ണാടി വലിച്ചെറിഞ്ഞുടച്ചപ്പോൾ ചിന്നി ചിതറി പോയ ഭാര്യയെ കണ്ടയാൾ ഞെട്ടി.
 അവളുടെ യൗവനവും സ്വപ്നങ്ങളും മോഹങ്ങളും കോരി കളഞ്ഞപ്പോൾ അയാൾക്ക്‌ ഒരു നഷ്ടബോധം തോന്നി. എന്നോ സ്നേഹിച്ചിരുന്ന അവളുടെ വ്യക്തിത്തവത്തിന്റെ ഓർമയിൽ ഉണർന്ന നഷ്ടബോധം.













Friday, September 14, 2018

GEC...



GEC.. എന്റെ ചിന്തകളിൽ നിന്ന് എന്റെ എഴുത്തിലേക്ക് ഇന്നേ വരെ എത്തിയിട്ടില്ലാത്ത കാലഘട്ടം. നല്ലതും ചീത്തയുമായ ഒരുപാട് സംഭവങ്ങൾ നടന്ന 4 വർഷങ്ങൾ. ജീവിതം എന്താണെന്നു പഠിപ്പിച്ച ക്യാമ്പസ്.

ക്യാമ്പസ് രാഷ്ട്രീയം ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ എത്ര പ്രസക്തം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞതെവിടെ നിന്നാണ്. Fees കൊടുക്കാൻ കഴിവില്ലാതെ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ അത് ആ നാട്ടിലെ ഭരണകൂടത്തിന്റെ മുതൽ സഹപാഠികളുടെ വരെ തെറ്റാണെന്നു ആദ്യം പറഞ്ഞു തന്നത് SFI ആണ്. പിന്നീട് വിശപ്പിനു വേണ്ടി മോഷ്ടിച്ചവന്റെ മരണത്തിൽ ഞാൻ ഉൾപ്പടെയുള്ള ഓരോ വ്യക്തിയുടെയും ഒഴിച്ചുകൂടാനാവാത്ത ഉത്തരവിധിത്വം ചുറ്റുമുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ എന്നെ സഹായിച്ചതും ആ കാഴ്ചപാടായിരുന്നു.   പ്രതികരിക്കാൻ പഠിച്ചതും ചോദ്യം ചെയ്യാൻ പഠിച്ചതും GEC യിൽ നിന്നാണ്. തെറ്റ് കണ്ടാൽ തെറ്റെന്നു പറയാനും ശരി കണ്ടാൽ ചുവടുറപ്പിച്ചു കൂടെ നിൽക്കാനും പഠിപ്പിച്ചത് ആ ക്യാമ്പസ് ആണ്.

അധ്യാപകർ എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും അവിടെ നിന്നും അറിഞ്ഞു. Reservation എന്തിനാണെന്നും അതിന്റെ ഗുണങ്ങളും ശരികളും അതർഹിക്കുന്ന ഒരു വിഭാഗം ജനങ്ങളും ഉണ്ടെന്നത് ഞാൻ കണ്ടത് GEC യിൽ ആയിരുന്നു. ഇന്നും  മക്കൾക്ക് മേടിക്കുന്ന ചെരുപ്പിന്റെ വില കുറച്ചു കൂടുമ്പോൾ ഇത് അഞ്ചോ ആറോ  മാസത്തിൽ ചെറുതാവാൻ  പോകുന്നതല്ലേ  ഇതിന്റെ ആവശ്യം ഉണ്ടോ എന്ന് ചിന്തിപ്പിക്കുന്നത് ഹവായ് ചാപ്പൽ തുന്നി ഇട്ടു വന്നിരുന്ന സഹപാഠിയുടെ മുഖം ആണ്. അധ്വാനിക്കാനുള്ള മനസ്സും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്താം എന്ന് തെളിയിച്ച ഒരുപാട് സുഹൃത്തുക്കൾ ആണ് പ്രതിസന്ധികളിൽ ഊർജമായി വന്നത്.

രാഷ്ട്രീയം പറഞ്ഞു അച്ഛനോട് തർക്കിക്കുമ്പോൾ GEC യിൽ പഠിച്ചിട്ടാണ് നിനക്ക് ഇടതു പക്ഷ ചായ്‌വ് വന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നിട്ടും ക്യാമ്പസ് രാഷ്ട്രീയം കാരണം കുട്ടികൾ നശിക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട് ഒരിക്കലും അല്ല, ക്യാമ്പസ് രാഷ്ട്രീയം കാരണം ആണ് എന്റെ മകൾക്കു സാമൂഹ്യബോധം ഉണ്ടായതെന്ന് അദ്ദേഹം തിരുത്തുന്നതും കേട്ടിട്ടുണ്ട്.

GEC യിൽ വന്നു ആദ്യത്തെ ദിവസം ലക്ഷ്മിക്കുട്ടി മേടം പറഞ്ഞ ഒരു വാചകമുണ്ട് " ഇത് നല്ല വളക്കൂറുള്ള മണ്ണാണ്, നന്നാവാനും നശിക്കാനും. എങ്ങനെ വളരണം എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം". അത് തന്നെയായിരുന്നു ശരി. ശരി തെറ്റുകൾ തിരിച്ചറിഞ്ഞു മുന്നോട്ടുള്ള ജീവിതത്തിലേക്ക് നയിച്ച വളക്കൂറുള്ള മണ്ണ്. എന്നെ ഞാനാക്കിയ മണ്ണ് Government Engineering College, Thrissur

Saturday, August 4, 2018

കർക്കിടകം


കർക്കിടകം

തിമർത്തു പെയ്യുന്ന കർക്കിടകത്തിനു അവന്റെ ഒടിഞ്ഞു തൂങ്ങിയ കുട ഒരു തടസ്സമേ അല്ലായിരുന്നു. കയ്യിലുള്ള പൊതി നനയാതെ മാറോടു ചേർത്ത് അവൻ ആഞ്ഞു നടന്നു. പാടവരമ്പത്തുന്നു ഇടവഴിയിലേക്ക് കയറിയപ്പോൾ മഴയുടെ ആരവം ഒന്ന് കുറഞ്ഞു. മരങ്ങളിൽ തടഞ്ഞു നിലത്തേക്ക് പതിക്കുന്ന തുള്ളികൾക്കു അവനോടു കുറച്ചു കരുണ ഉള്ള പോലെ, കയ്യിലെ പൊതി നനയ്ക്കാതെ അവ നിലത്തേക്ക് വീണു.
വീട്ടുമുറ്റത്തേക്കു കയറി കുട ചാരി വെച്ചപ്പോളേക്കും മക്കൾ ഓടി വന്നു ആർത്തിയോടെ പകുതി നനഞ്ഞ പൊതി തുറന്നു അതിലുണ്ടായിരുന്ന 2  വട പങ്കിട്ടെടുത്തു. കൂടെ ഇരുന്ന 1 മൂട് കപ്പ അടുക്കളയിൽ കൊണ്ട് പോയി വെച്ച് അവൻ ഭാര്യയോടായി പറഞ്ഞു " ഇന്ന് വേറെ ഒന്നും മേടിക്കാൻ പറ്റിയില്ല. കാശ് കിട്ടിയില്ല. ഇത് ഇന്ന് പണിക്കു പോയ വീട്ടീന്ന് പറച്ചതാണ്. നീ അത് പുഴുങ്ങി മക്കൾക്കു കൊടുത്തോ ബാക്കി ഉണ്ടേൽ നീയും കഴിച്ചോ. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം."

ഒരു നെടുവീർപ്പിൽ മറുപടി ഒതുക്കി അവൾ അടുപ്പിലേക്ക് തിരിഞ്ഞു. 
മഴ ഒന്ന് തോർന്നിട്ടുണ്ട്. കുളത്തിലേക്ക് നടക്കുമ്പോൾ നനഞ്ഞൊട്ടിയ മുണ്ടു മടക്കി കുത്തി അയാൾ പ്രാരാബ്ധങ്ങളെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നു. ആകെ ഉള്ള വീടും ബാങ്കുകാർ കൊണ്ട് പോയി.. മൂത്ത മോന്റെ ചികിത്സയ്ക്ക് പണയം വെച്ചതാണ്. കൂലിപ്പണിക്കാരന്റെ മകന് അസുഖം വന്നാൽ ചികിത്സിക്കണ്ടിരിക്കാൻ പറ്റുമോ ? ഉള്ളതൊക്കെ വിറ്റു പറക്കി ചികിത്സിച്ചു. അസുഖം മാത്രം ഇനിയും ബാക്കി. കടക്കാരെ പേടിച്ചു ഇപ്പൊ ദൂരെ ദിക്കുകളിൽ ആണ് പണിക്കു പോണേ. പട്ടിണി കൂടാണ്ട് കഴിയാൻ തന്നെ പ്രയാസം പോരാത്തേന് മോന്റെ മരുന്നും ആശുപത്രി ചിലവും...  നാളെ കുറച്ചു കാശ് ഒരാള് തരാം എന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാൽ കുറച്ചു ദിവസം കടന്നു കിട്ടും. 

കുളി കഴിഞ്ഞു കയറുമ്പോളേക്കും  മഴ വീണ്ടും തുടങ്ങി. കാലെടുത്തു വെച്ച കല്ല് ചതിച്ചു. തല ഇടിച്ചു കുളത്തിലേക്ക് പോയ അയാൾ മൂന്നാം ദിവസം ആണ് പൊങ്ങിയത്. മക്കളുടെ വിശപ്പറിഞ്ഞായിരുന്നു അയാളുടെ ജീവൻ ഉണർന്നത്. ചുറ്റും നാലഞ്ചു ആൾക്കാർ ഉണ്ടെന്നു തോന്നുന്നു. ഭാര്യയുടെ നിസ്സഹായത കുട്ടികളുടെ വിശപ്പു ഇതൊക്കെ അയാളുടെ ജീവൻ അറിയുന്നുണ്ടായിരുന്നു. അവ ഒരു കയറു കണക്കെ അയാളെ അവിടെ നിലനിർത്തി...
സമയകാല നിർണയമില്ലാത്ത അയാൾക്ക് അന്ന് ബന്ധനത്തിൽ നിന്നും മോചനം ലഭിച്ചു. ജീവിച്ചിരിക്കെ അയാൾ നിലനിർത്താൻ ശ്രമിച്ച മകന്റെ ജീവനാണ് അയാൾ ആദ്യം തിരിച്ചറിഞ്ഞത്... കൂടെ വേറേം ആരൊക്കെയോ... ഒരു പക്ഷെ അവന്റെ അമ്മയും അനിയനും ആയിരിക്കാം... 
അയാൾ പ്രകൃതിയായി മഴയായി കത്തി തീരാറായ 3 ചിതകൾക്കു മുകളിൽ പെയ്തിറങ്ങി 








പ്രവാസം
വേരിറങ്ങിയ മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്നതിന്റെ വേദന
സ്വയം വലിച്ചൂരി പറിച്ചു നടുമ്പോളും പിഴുതെടുക്കുമ്പോൾ പൊട്ടി പോകുന്ന വേരുകളെ ഓർക്കാതെ വയ്യ...
തിരിച്ചു പോക്കിന്റെ നീളുന്ന സ്വപ്നങ്ങളിൽ മറക്കാതെ മറന്നും പറയാതെ പറഞ്ഞും മാസങ്ങൾ വര്ഷങ്ങളാകുന്നു...
ഇടയ്ക്കുള്ള കൊച്ചു കൊച്ചു എത്തിനോട്ടങ്ങൾ എന്നും ഏറെ പ്രിയപ്പെട്ടവ
എങ്കിലും കാല പഴകത്തിൽ അപരിചിതത്വം നിഴലിക്കുന്നു...
മരുഭൂമിയിലെ  മഴകളിൽ ചിലതു എനിക്കായും പെയ്തു എന്ന് ഞാൻ അറിയുന്നു...
വേരുകൾ ഇവിടെയും മുളച്ചു തുടങ്ങി...
ഇനി ഒരു തിരിച്ചു പോക്കും എളുപ്പമാകില്ല...
മരുഭൂമിയിൽ വേരിറങ്ങിയ എന്റെ തലമുറയ്ക്കതും പ്രവാസം 

Monday, July 23, 2018

ജീവിത ഋതുക്കൾ



ജീവിതം മുഴുവന്‍ ഒരു കവിതയായി 
ഒതുക്കാന്‍ കഴിഞ്ഞിരുന്നെങ്ങില്‍...
ഋതു ഭേദങ്ങളിൽ തീര്‍ത്തൊരു മനോഹര 
കാവ്യം ആകുമായിരുന്നു എന്റെ ജീവിതം
എനിക്കായി രചിക്കപ്പെട്ട കാവ്യമേ 
ഞാന്‍ എന്റെ വികാരങ്ങളിലൂടെ 
നിന്നോട് നീതി പുലര്‍ത്തിയോ?
ഇനിയും ഋതു മാറി വരണ്ട വേനല്‍ വരുമോ? 
കണ്ണുനീര്‍ ചാലുകളാൽ മാത്രം ജീവന്‍ 
നിലനിര്‍ത്താന്‍ പോരുന്ന അതെ വേനല്‍??
ഭയമല്ല രചയിതാവെ,  നീ അറിയുക - ഞാന്‍ പരിചിത..
എന്റെ വര്‍ഷങ്ങള്‍ എനിക്കായി കാത്തു വെച്ച 
നിനക്കെന്റെ  നൂറു നൂറു നന്ദി..
ഇനിയും വേനലുകളുടെ അവസാനം 
കുളിര്‍ മാരി പെയ്യിക്കാന്‍ മറക്കരുതേ എന്ന്  അപേക്ഷ  
എനിക്കായി മാത്രം ഒരു വേനല്‍ പിറക്കുമെങ്കില്‍ 
ഇനിയും ഉരുകാന്‍ ഞാന്‍ തയ്യാര്‍ 
സ്വന്തമെന്ന സുഖം, ജീവിതം എന്ന കാവ്യം, 
എല്ലാം പഠിക്കുവാന്‍ ഞാന്‍ ഇനിയും തയ്യാര്‍ ...

Saturday, June 30, 2018

മഞ്ഞ മന്താരം




ഒരു പനി  കഴിഞ്ഞു എണീറ്റു ക്ഷീണത്തോടെ ഉമ്മറത്ത് വന്നു ഇരുന്നതായിരുന്നു. തീരെ വയ്യ തല തൂണിന്മേൽ താങ്ങി അസ്തമയം കണ്ടു. ഓറഞ്ച് നിറമുള്ള സൂര്യൻ ഗുൽമോഹർ മരങ്ങൾക്കിടയിൽ മറയുന്ന കാഴ്ച. ഞാനും അസ്തമയവും പ്രകൃതിയും എല്ലാം ഒന്നാണെന്ന് തോന്നുന്ന ചില നിമിഷങ്ങൾ. യാത്ര പറഞ്ഞു പോകുന്ന പൊൻ കിരണങ്ങൾ മുറ്റത്തെ മഞ്ഞ മന്ദാര ചെടിയ്ക്കുള്ളിലൂടെ എന്നെയും ഒളിഞ്ഞു നോക്കി. സന്ധ്യ ആയാൽ മന്താരത്തിന്റെ പൂക്കളെല്ലാം കൂമ്പി നില്കും. വീണ്ടും ഒരു പുലരിയിലേക്കു ഉണരാൻ വേണ്ടി. അന്നും അതെ കാഴ്ച തന്നെ കണ്ടു. അതിനിടയിൽ ഒരു നിറം മാറ്റം. അടുത്ത് ചെന്ന് നോക്കിയപ്പോൾ നെഞ്ചോന്നു പിടഞ്ഞു, ഒരു കൊമ്പു ഉണങ്ങി നില്കുന്നു.
ഓർമ വെച്ച നാൾ മുതൽ കാണുന്നതാണ് സ്വർണ വർണത്തിൽ നിറയെ പൂക്കളോടു കൂടി എന്നും വരവേൽക്കുന്ന മന്ദാര ചെടി. കണ്ണ് പറ്റാതിരിക്കാൻ ഈശ്വരൻ തന്നെ കുത്തിയ മറുകുണ്ട് ഒരു ഇതളിൽ.
കഞ്ഞി വെച്ച് കളിച്ച കാലത്തു ഇതിന്റെ ഇലയും കായും പൂവും ഒക്കെ പല നിറത്തിലുള്ള വിഭവങ്ങളായി നിരന്നിട്ടുണ്ട്. ഒറ്റയ്ക്ക് തള്ളിനീക്കിയ ബാല്യത്തിൽ കാറ്റിൽ കിലുങ്ങി എന്നോട് കുശലം ചോദിച്ച കൂട്ടുകാരി. മഴയിൽ നനഞ്ഞു വശ്യമായി ചിരിച്ചു മഴയെ പ്രണയിക്കാൻ പഠിപ്പിച്ച സുന്ദരി.
ഉണങ്ങിയ ആ കൊമ്പു എന്നോടുള്ള യാത്ര മൊഴി കാതിൽ പാടിയോ ?
വിളക്കു വെച്ച് അമ്മുമ്മ വിളിച്ചു " സന്ധ്യ നേരത്തു മുറ്റത്തു നിക്കണ്ട അകത്തേക്കു കയറു വല്ല ഇഴ ജന്തുക്കളും ഉണ്ടാകും ". കൂമ്പിയ ഒരു പൂവും കൊണ്ട് അകത്തേക്കു നടന്നു. പനിയുടെ ആണെന്ന് തോനുന്നു നല്ല ക്ഷീണം കയ്യും കാലും കുഴയുന്നു. നേരെ കട്ടിലിലേക്ക് വീണു.
ഒരാഴ്ച കഴിഞ്ഞു സ്കൂൾ വിട്ടു വന്ന ഒരു വൈകുന്നേരം ഉമ്മറത്ത് വെളിച്ചം ഒന്ന് കൂടിയ പോലെ. "ആ മന്ദാരം ഉണങ്ങി നിന്നതു അങ്ങ് വെട്ടി" അമ്മൂമ്മ എന്റെ ചോദ്യത്തിനു മുൻപേ മറുപടി തന്നു. ഓരോരോ കൊമ്പുകളായി ഒരു ആഴ്ച കൊണ്ട് ഏതാണ്ട് മുഴുവനായി ഉണങ്ങിയിരുന്നു . എന്നാലും വെട്ടി നിലത്തു കിടക്കണ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു വന്നു. "സാരമില്ല എത്ര കുരുക്കളാ വീണേക്കണേ ചിലപ്പോൾ കമ്പുമ്മേ തന്നെ പൊടിച്ചു വരും."
പിന്നീട് പൊടിച്ചു വന്നില്ല. അതിന്റെ ഒഴിവു നികന്നതും ഇല്ല. കാലം കുറെ മുന്നോട്ടു പോയി. മഞ്ഞ മന്ദാരത്തിനെ പിന്നീട് എവിടെയും ഞാൻ കണ്ടട്ടില്ല.

 രണ്ടാമത്തെ ഗർഭം ആയി ഇരിക്കുമ്പോൾ ആണ് തറവാട് വിറ്റത്. എനിക്കായി ഒരു യാത്ര മൊഴി പോലും ബാക്കി ആയില്ല. ജനിച്ചു വളർന്ന അകത്തളങ്ങൾ മനസ്സിൽ മാത്രമേ ഉണ്ടാകു എന്ന് അറിഞ്ഞ നിമിഷം എല്ലാം കണ്ണടച്ച് ഒന്ന് കാണാൻ ശ്രമിച്ചു. അമ്മൂമ്മയും ഞാനും കഥ പറഞ്ഞിരുന്ന അടുക്കള മുതൽ സന്ധ്യ നാമങ്ങൾ പഠിപ്പിച്ചു തന്ന തളം വരെ. അന്ന് ഞാൻ വീണ്ടും കണ്ടു ഉമ്മറത്ത് പൂത്തു നിൽക്കുന്ന മഞ്ഞ മന്ദാരത്തെ. ഒരു കണ്ണുനീർ തുള്ളി ആയി പോലും ഓർമ്മകൾ എന്നെ വിട്ടു പോകാതിരിക്കാൻ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
പിന്നീടുള്ള ക്രിസ്മസ് കാലത്താണ് മോള് ജനിച്ചത്. ഒറ്റ കുട്ടിയായി വളർന്ന എനിക്ക് ഏറെ ആഗ്രഹിച്ചു കിട്ടിയ പെൺ  കൂട്ട്.  ആദ്യമായി അവളെ കണ്ട മാത്രയിൽ അവളുടെ കയ്യിലെ മറുക് എന്നോട് സ്വകാര്യം പറഞ്ഞു "പഴയ തറവാട്ടിലെ പൂത്തുലഞ്ഞ മന്ദാരത്തിൽ നിന്നും ഒരു ഇതൾ അടർന്നു എന്റെ മടിയിൽ വീണിരിക്കുന്നു. എന്റെ ആമി."

Thursday, March 1, 2018

സ്വപ്നം





ഉറക്കത്തിൽ എപ്പോളോ കണ്ണ് തുറന്നു. ചുറ്റും കൂരിരുട്ടാണ്.
പുറത്തു പെയ്യുന്ന മഴയുടെ ശബ്ദം കേൾക്കാം. എന്തോ ഉള്ളിലൊരു ഭയം പോലെ. എന്തോ ദുസ്വപ്നം കണ്ടു ഉണർന്നതാണ്. അമ്മുമ്മയുടെ കൂർക്കം വലി, തളത്തിലെ  സീറോ ബൾബിന്റെ വെളിച്ചത്തിൽ കാണുന്ന ഗുരുവായൂരപ്പൻറേം പാറമേക്കാവിലമ്മയുടെയും ചില്ലിട്ട ഫോട്ടോ,  ഇതൊന്നും ഇല്ലല്ലോ. എന്ത് പറ്റി  ? അമ്മുമ്മ എവടെ പോയി ? കറന്റ് പോയോ ?

കൈ നീട്ടി നിലം തൊടാൻ നോക്കീട്ടു പറ്റുന്നില്ലല്ലോ.. ഞാൻ അമ്മുമ്മേടെ കട്ടിലിന്റെ താഴെ കിടക്ക വിരിച്ചല്ലേ കെടന്നേ  ?
ഇതെവിടെ ആണ് ഈശ്വരാ .. ആകെ വിയർക്കുന്നു.. എന്തോ കൈ  വിട്ടു പോയ പോലെ 'അമ്മയും അച്ഛനും മുകളിലത്തെ മുറിയിൽ ഉണ്ടാവില്ലേ... ഉറക്കെ വിളിച്ചു  നോക്കിയാലോ...

ദൂരെ എവിടെയോ ഒരു കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. അടുത്ത വീട്ടിലൊന്നും കുട്ടി ഇല്ലല്ലോ. ഇതേതാ ഈ കുട്ടി. മഴ മാറിയോ? പുതു മണ്ണിന്റെ മണം  പോയല്ലോ കുട്ടി കരച്ചിൽ നിറുത്തിയിട്ടില്ല. എന്റെ അടുത്തുന്നാണല്ലോ..

മഞ്ജു മഞ്ജു എണീയ്ക്ക് മോളു കരയുന്നു .
നീ എന്താ വല്ല ദുസ്വപ്നോം കണ്ടോ ?
കുട്ടിയെ എടുക്കു.

മോളെ എടുത്തു പാല് കൊടുക്കുമ്പോൾ ആണ് മറുപടി പറഞ്ഞത്.
ദുസ്വപ്നം അല്ല. എന്തോ കൈ വിട്ടു പോയ ഒരു കാലവും അതിന്റെ  സംരക്ഷണവും സ്വപ്നത്തിൽ വന്നു.

മരുഭൂമിയിലെ രാത്രി മഴ ഓര്മിപ്പിച്ചതാകാം.