Saturday, August 4, 2018

കർക്കിടകം


കർക്കിടകം

തിമർത്തു പെയ്യുന്ന കർക്കിടകത്തിനു അവന്റെ ഒടിഞ്ഞു തൂങ്ങിയ കുട ഒരു തടസ്സമേ അല്ലായിരുന്നു. കയ്യിലുള്ള പൊതി നനയാതെ മാറോടു ചേർത്ത് അവൻ ആഞ്ഞു നടന്നു. പാടവരമ്പത്തുന്നു ഇടവഴിയിലേക്ക് കയറിയപ്പോൾ മഴയുടെ ആരവം ഒന്ന് കുറഞ്ഞു. മരങ്ങളിൽ തടഞ്ഞു നിലത്തേക്ക് പതിക്കുന്ന തുള്ളികൾക്കു അവനോടു കുറച്ചു കരുണ ഉള്ള പോലെ, കയ്യിലെ പൊതി നനയ്ക്കാതെ അവ നിലത്തേക്ക് വീണു.
വീട്ടുമുറ്റത്തേക്കു കയറി കുട ചാരി വെച്ചപ്പോളേക്കും മക്കൾ ഓടി വന്നു ആർത്തിയോടെ പകുതി നനഞ്ഞ പൊതി തുറന്നു അതിലുണ്ടായിരുന്ന 2  വട പങ്കിട്ടെടുത്തു. കൂടെ ഇരുന്ന 1 മൂട് കപ്പ അടുക്കളയിൽ കൊണ്ട് പോയി വെച്ച് അവൻ ഭാര്യയോടായി പറഞ്ഞു " ഇന്ന് വേറെ ഒന്നും മേടിക്കാൻ പറ്റിയില്ല. കാശ് കിട്ടിയില്ല. ഇത് ഇന്ന് പണിക്കു പോയ വീട്ടീന്ന് പറച്ചതാണ്. നീ അത് പുഴുങ്ങി മക്കൾക്കു കൊടുത്തോ ബാക്കി ഉണ്ടേൽ നീയും കഴിച്ചോ. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം."

ഒരു നെടുവീർപ്പിൽ മറുപടി ഒതുക്കി അവൾ അടുപ്പിലേക്ക് തിരിഞ്ഞു. 
മഴ ഒന്ന് തോർന്നിട്ടുണ്ട്. കുളത്തിലേക്ക് നടക്കുമ്പോൾ നനഞ്ഞൊട്ടിയ മുണ്ടു മടക്കി കുത്തി അയാൾ പ്രാരാബ്ധങ്ങളെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നു. ആകെ ഉള്ള വീടും ബാങ്കുകാർ കൊണ്ട് പോയി.. മൂത്ത മോന്റെ ചികിത്സയ്ക്ക് പണയം വെച്ചതാണ്. കൂലിപ്പണിക്കാരന്റെ മകന് അസുഖം വന്നാൽ ചികിത്സിക്കണ്ടിരിക്കാൻ പറ്റുമോ ? ഉള്ളതൊക്കെ വിറ്റു പറക്കി ചികിത്സിച്ചു. അസുഖം മാത്രം ഇനിയും ബാക്കി. കടക്കാരെ പേടിച്ചു ഇപ്പൊ ദൂരെ ദിക്കുകളിൽ ആണ് പണിക്കു പോണേ. പട്ടിണി കൂടാണ്ട് കഴിയാൻ തന്നെ പ്രയാസം പോരാത്തേന് മോന്റെ മരുന്നും ആശുപത്രി ചിലവും...  നാളെ കുറച്ചു കാശ് ഒരാള് തരാം എന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാൽ കുറച്ചു ദിവസം കടന്നു കിട്ടും. 

കുളി കഴിഞ്ഞു കയറുമ്പോളേക്കും  മഴ വീണ്ടും തുടങ്ങി. കാലെടുത്തു വെച്ച കല്ല് ചതിച്ചു. തല ഇടിച്ചു കുളത്തിലേക്ക് പോയ അയാൾ മൂന്നാം ദിവസം ആണ് പൊങ്ങിയത്. മക്കളുടെ വിശപ്പറിഞ്ഞായിരുന്നു അയാളുടെ ജീവൻ ഉണർന്നത്. ചുറ്റും നാലഞ്ചു ആൾക്കാർ ഉണ്ടെന്നു തോന്നുന്നു. ഭാര്യയുടെ നിസ്സഹായത കുട്ടികളുടെ വിശപ്പു ഇതൊക്കെ അയാളുടെ ജീവൻ അറിയുന്നുണ്ടായിരുന്നു. അവ ഒരു കയറു കണക്കെ അയാളെ അവിടെ നിലനിർത്തി...
സമയകാല നിർണയമില്ലാത്ത അയാൾക്ക് അന്ന് ബന്ധനത്തിൽ നിന്നും മോചനം ലഭിച്ചു. ജീവിച്ചിരിക്കെ അയാൾ നിലനിർത്താൻ ശ്രമിച്ച മകന്റെ ജീവനാണ് അയാൾ ആദ്യം തിരിച്ചറിഞ്ഞത്... കൂടെ വേറേം ആരൊക്കെയോ... ഒരു പക്ഷെ അവന്റെ അമ്മയും അനിയനും ആയിരിക്കാം... 
അയാൾ പ്രകൃതിയായി മഴയായി കത്തി തീരാറായ 3 ചിതകൾക്കു മുകളിൽ പെയ്തിറങ്ങി 








പ്രവാസം
വേരിറങ്ങിയ മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്നതിന്റെ വേദന
സ്വയം വലിച്ചൂരി പറിച്ചു നടുമ്പോളും പിഴുതെടുക്കുമ്പോൾ പൊട്ടി പോകുന്ന വേരുകളെ ഓർക്കാതെ വയ്യ...
തിരിച്ചു പോക്കിന്റെ നീളുന്ന സ്വപ്നങ്ങളിൽ മറക്കാതെ മറന്നും പറയാതെ പറഞ്ഞും മാസങ്ങൾ വര്ഷങ്ങളാകുന്നു...
ഇടയ്ക്കുള്ള കൊച്ചു കൊച്ചു എത്തിനോട്ടങ്ങൾ എന്നും ഏറെ പ്രിയപ്പെട്ടവ
എങ്കിലും കാല പഴകത്തിൽ അപരിചിതത്വം നിഴലിക്കുന്നു...
മരുഭൂമിയിലെ  മഴകളിൽ ചിലതു എനിക്കായും പെയ്തു എന്ന് ഞാൻ അറിയുന്നു...
വേരുകൾ ഇവിടെയും മുളച്ചു തുടങ്ങി...
ഇനി ഒരു തിരിച്ചു പോക്കും എളുപ്പമാകില്ല...
മരുഭൂമിയിൽ വേരിറങ്ങിയ എന്റെ തലമുറയ്ക്കതും പ്രവാസം