Thursday, July 13, 2017

പൂവ് പോലുള്ള ഇഡ്ഡലി



ഞങ്ങളുടെ വീട്ടിൽ മിക്കവാറും ഉള്ള പലഹാരം ഇഡ്ഡലി ആണ്. സ്കൂളിൽ പോകാൻ തയ്യാറായി വരുമ്പോൾ തന്നെ ഇഡ്ഡലി യുടെ മണം വരും. എനിക്ക് ഇഡ്ഡലി തീരെ താല്പര്യം ഇല്ല. ഭക്ഷണം അത്ര നിര്ബന്ധവും അല്ല. എനിക്ക് വേണ്ട എന്ന് ഒറ്റ വാക്കിൽ പറഞ്ഞു പോകുന്ന എന്നെ തിരിച്ചു വിളിക്കാൻ അമ്മുമ്മ പറഞ്ഞിരുന്ന വാക്കാണ് പൂ പോലുള്ള ഇഡ്ഡലി ആണ് നീ ഒന്ന് കഴിച്ചു നോക്ക്.. ആ വാക്കു തട്ടാൻ മനസ്സ് വരാറില്ല. എനിക്ക് ചട്ട്ണി വിളമ്പി അമ്മുമ്മ പിന്നേം ചോദിക്കും ഇല്ലേ ?? പൂവ് പോലെ ഇല്ലേ ?

അന്ന് ഇഡ്ഢലി യുടെ പിന്നിലെ മാവ് അരയ്ക്കൽ മുതൽ അടുപ്പിലെത്തും വരെയുള്ള ബുദ്ധിമുട്ടുള്ള പണി എനിക്ക് അറിയില്ല.

അമ്മുമ്മ ഉണ്ടാക്കിയ ഇഡ്ഡലി കഴിച്ചട്ടു കുറെ ആയി. കല്യാണം കഴിഞ്ഞ ശേഷം പല കാരണങ്ങൾ കൊണ്ടും അമ്മുമ്മേടെ കൂടെ നിൽക്കാൻ പറ്റിയിട്ടില്ല. ഒട്ടും പ്രതീക്ഷിക്കാതെ വന്ന ദൂരം. എങ്കിലും കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോളും  എടുത്തു വെച്ച മാതൃഭൂമി വാരാന്ത്യ പതിപ്പിന്റെ പേജ് കാണിച്ചു റഷ്യൻ രാജ കുടുംബത്തിന്റെ കഥ എനിക്ക് പറഞ്ഞു തന്നു.
ആദ്യമായി ഞാൻ വായിച്ച നോവൽ അന്നാ കരിനീന ആണ്. അത് അമ്മുമ്മ പറഞ്ഞട്ടു ഞാൻ അടുത്ത വീട്ടിൽ നിന്നും കടം മേടിച്ചു കൊണ്ടുവന്നതായിരുന്നു. വായിച്ചു വെച്ച പുസ്തകങ്ങളിൽ എല്ലാം നല്ലതെന്നു തോന്നുന്നത് കാണിച്ചു തന്നും വായിച്ചു മറന്നവയിലെയും കേട്ടു കേൾവിയിലെയും കഥകൾ പറഞ്ഞു എന്നെ കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തി.

ആൺകുട്ടികളെ ആയിരുന്നു അമൂമ്മക്കു കൂടുതൽ ഇഷ്ടം എന്ന് എപ്പോളും പറയും പക്ഷെ ഒരു ആണിന്റെ മുൻപിലും തോൽക്കണ്ട കാര്യം ഒരു പെണ്ണിന് ഇല്ല എന്ന് പഠിപ്പിച്ചാണ് എന്നെ വളർത്തിയത്.

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടില്ലേ  എന്ന് തുടങ്ങുന്ന പാട്ടാണ് അമ്മുമ്മേടെ favourite. ഞാൻ ഒരിക്കലും സമ്മതിച്ചില്ലെങ്കിലും എന്റെയും.
ജീവിതത്തിനു ഇന്നും എന്നും കൂട്ടമായി കുറച്ചു വാക്കുകളും ഓർമകളും. '

അമ്മ വിളിച്ചിരുന്നു, അമ്മുമ്മക്ക് തീരെ വയ്യാന്നു പറഞ്ഞു. ഉള്ളെങ്ങോ പിടയുന്നു. ഓടി ചെല്ലാൻ തോന്നുന്നു അമ്മുമ്മേടെ കൂടെ ഇരുന്നു കഥ പറയാൻ തോനുന്നു. ജീവിതം ഒരു പാട് ദൂരം കൊണ്ട് പോയിരിക്കുന്നു.

 ഇന്ന് കഷ്ടപ്പെട്ട് ഇഡ്ഢലി ഉണ്ടാക്കി കൊടുക്കുമ്പോൾ എന്റെ മോൻ വേണ്ടാ എന്ന് പറയുമ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ വീഴ്ത്തി ഞാനും പറഞു പോയി പൂ  പോലുള്ള ഇഡ്ഢലി ആണ് മോനെ ഒന്ന് കഴിച്ചു നോക്കു.



No comments:

Post a Comment