Friday, September 14, 2018

GEC...



GEC.. എന്റെ ചിന്തകളിൽ നിന്ന് എന്റെ എഴുത്തിലേക്ക് ഇന്നേ വരെ എത്തിയിട്ടില്ലാത്ത കാലഘട്ടം. നല്ലതും ചീത്തയുമായ ഒരുപാട് സംഭവങ്ങൾ നടന്ന 4 വർഷങ്ങൾ. ജീവിതം എന്താണെന്നു പഠിപ്പിച്ച ക്യാമ്പസ്.

ക്യാമ്പസ് രാഷ്ട്രീയം ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ എത്ര പ്രസക്തം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞതെവിടെ നിന്നാണ്. Fees കൊടുക്കാൻ കഴിവില്ലാതെ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ അത് ആ നാട്ടിലെ ഭരണകൂടത്തിന്റെ മുതൽ സഹപാഠികളുടെ വരെ തെറ്റാണെന്നു ആദ്യം പറഞ്ഞു തന്നത് SFI ആണ്. പിന്നീട് വിശപ്പിനു വേണ്ടി മോഷ്ടിച്ചവന്റെ മരണത്തിൽ ഞാൻ ഉൾപ്പടെയുള്ള ഓരോ വ്യക്തിയുടെയും ഒഴിച്ചുകൂടാനാവാത്ത ഉത്തരവിധിത്വം ചുറ്റുമുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ എന്നെ സഹായിച്ചതും ആ കാഴ്ചപാടായിരുന്നു.   പ്രതികരിക്കാൻ പഠിച്ചതും ചോദ്യം ചെയ്യാൻ പഠിച്ചതും GEC യിൽ നിന്നാണ്. തെറ്റ് കണ്ടാൽ തെറ്റെന്നു പറയാനും ശരി കണ്ടാൽ ചുവടുറപ്പിച്ചു കൂടെ നിൽക്കാനും പഠിപ്പിച്ചത് ആ ക്യാമ്പസ് ആണ്.

അധ്യാപകർ എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും അവിടെ നിന്നും അറിഞ്ഞു. Reservation എന്തിനാണെന്നും അതിന്റെ ഗുണങ്ങളും ശരികളും അതർഹിക്കുന്ന ഒരു വിഭാഗം ജനങ്ങളും ഉണ്ടെന്നത് ഞാൻ കണ്ടത് GEC യിൽ ആയിരുന്നു. ഇന്നും  മക്കൾക്ക് മേടിക്കുന്ന ചെരുപ്പിന്റെ വില കുറച്ചു കൂടുമ്പോൾ ഇത് അഞ്ചോ ആറോ  മാസത്തിൽ ചെറുതാവാൻ  പോകുന്നതല്ലേ  ഇതിന്റെ ആവശ്യം ഉണ്ടോ എന്ന് ചിന്തിപ്പിക്കുന്നത് ഹവായ് ചാപ്പൽ തുന്നി ഇട്ടു വന്നിരുന്ന സഹപാഠിയുടെ മുഖം ആണ്. അധ്വാനിക്കാനുള്ള മനസ്സും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്താം എന്ന് തെളിയിച്ച ഒരുപാട് സുഹൃത്തുക്കൾ ആണ് പ്രതിസന്ധികളിൽ ഊർജമായി വന്നത്.

രാഷ്ട്രീയം പറഞ്ഞു അച്ഛനോട് തർക്കിക്കുമ്പോൾ GEC യിൽ പഠിച്ചിട്ടാണ് നിനക്ക് ഇടതു പക്ഷ ചായ്‌വ് വന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നിട്ടും ക്യാമ്പസ് രാഷ്ട്രീയം കാരണം കുട്ടികൾ നശിക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട് ഒരിക്കലും അല്ല, ക്യാമ്പസ് രാഷ്ട്രീയം കാരണം ആണ് എന്റെ മകൾക്കു സാമൂഹ്യബോധം ഉണ്ടായതെന്ന് അദ്ദേഹം തിരുത്തുന്നതും കേട്ടിട്ടുണ്ട്.

GEC യിൽ വന്നു ആദ്യത്തെ ദിവസം ലക്ഷ്മിക്കുട്ടി മേടം പറഞ്ഞ ഒരു വാചകമുണ്ട് " ഇത് നല്ല വളക്കൂറുള്ള മണ്ണാണ്, നന്നാവാനും നശിക്കാനും. എങ്ങനെ വളരണം എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം". അത് തന്നെയായിരുന്നു ശരി. ശരി തെറ്റുകൾ തിരിച്ചറിഞ്ഞു മുന്നോട്ടുള്ള ജീവിതത്തിലേക്ക് നയിച്ച വളക്കൂറുള്ള മണ്ണ്. എന്നെ ഞാനാക്കിയ മണ്ണ് Government Engineering College, Thrissur