ഉറക്കത്തിൽ എപ്പോളോ കണ്ണ് തുറന്നു. ചുറ്റും കൂരിരുട്ടാണ്.
പുറത്തു പെയ്യുന്ന മഴയുടെ ശബ്ദം കേൾക്കാം. എന്തോ ഉള്ളിലൊരു ഭയം പോലെ. എന്തോ ദുസ്വപ്നം കണ്ടു ഉണർന്നതാണ്. അമ്മുമ്മയുടെ കൂർക്കം വലി, തളത്തിലെ സീറോ ബൾബിന്റെ വെളിച്ചത്തിൽ കാണുന്ന ഗുരുവായൂരപ്പൻറേം പാറമേക്കാവിലമ്മയുടെയും ചില്ലിട്ട ഫോട്ടോ, ഇതൊന്നും ഇല്ലല്ലോ. എന്ത് പറ്റി ? അമ്മുമ്മ എവടെ പോയി ? കറന്റ് പോയോ ?
കൈ നീട്ടി നിലം തൊടാൻ നോക്കീട്ടു പറ്റുന്നില്ലല്ലോ.. ഞാൻ അമ്മുമ്മേടെ കട്ടിലിന്റെ താഴെ കിടക്ക വിരിച്ചല്ലേ കെടന്നേ ?
ഇതെവിടെ ആണ് ഈശ്വരാ .. ആകെ വിയർക്കുന്നു.. എന്തോ കൈ വിട്ടു പോയ പോലെ 'അമ്മയും അച്ഛനും മുകളിലത്തെ മുറിയിൽ ഉണ്ടാവില്ലേ... ഉറക്കെ വിളിച്ചു നോക്കിയാലോ...
ദൂരെ എവിടെയോ ഒരു കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. അടുത്ത വീട്ടിലൊന്നും കുട്ടി ഇല്ലല്ലോ. ഇതേതാ ഈ കുട്ടി. മഴ മാറിയോ? പുതു മണ്ണിന്റെ മണം പോയല്ലോ കുട്ടി കരച്ചിൽ നിറുത്തിയിട്ടില്ല. എന്റെ അടുത്തുന്നാണല്ലോ..
മഞ്ജു മഞ്ജു എണീയ്ക്ക് മോളു കരയുന്നു .
നീ എന്താ വല്ല ദുസ്വപ്നോം കണ്ടോ ?
കുട്ടിയെ എടുക്കു.
മോളെ എടുത്തു പാല് കൊടുക്കുമ്പോൾ ആണ് മറുപടി പറഞ്ഞത്.
ദുസ്വപ്നം അല്ല. എന്തോ കൈ വിട്ടു പോയ ഒരു കാലവും അതിന്റെ സംരക്ഷണവും സ്വപ്നത്തിൽ വന്നു.
മരുഭൂമിയിലെ രാത്രി മഴ ഓര്മിപ്പിച്ചതാകാം.