മക്കളെ ബസ് കയറ്റി വിട്ടു രാവിലത്തെ കാപ്പി കുടിച്ചു ഇരിക്കുമ്പോളാണ് അവൾ ആദ്യമായി ആ കണ്ണാടി ശ്രദ്ധിക്കുന്നത്. ഹാളിൽ അലങ്കാരത്തിനായി വെച്ചിരിക്കുന്ന നീല അരുകിൽ ഭംഗിയായി ചിത്രപ്പണി ചെയ്ത ഒരു കണ്ണാടി. പഴയ താമസക്കാർ ഉപേക്ഷിച്ചു പോയ ചില സാധനങ്ങളിൽ ഒന്നായിരുന്നു ആ കണ്ണാടി. അതിന്ടെ ഭംഗി കണ്ടു കളയാൻ തോന്നിയില്ല. അവർ വെച്ചിരുന്ന പോലെ തന്നെ ചുമരിൽ അത് അനക്കാതെ ഇരിപ്പുണ്ട്.
ചെറിയ മോനും സ്കൂൾ ജീവിതം തുടങ്ങിയതിൽ പിന്നെ ആണ് ഇത്രയും ഒറ്റപ്പെടൽ അനുഭവപെട്ടു തുടങ്ങിയത്. കുടുംബിനിയായതിൽ പിന്നെ ഉപേക്ഷിച്ച പുസ്തകങ്ങളിലേക്കു ഒരു തിരിച്ചു പോക്ക് എന്നും ആഗ്രഹിച്ചതാണ് എങ്കിലും വായിക്കാൻ ഇപ്പോൾ തോന്നാറില്ല. പല തരം ചിന്തകൾ ആണ് മനസ്സിൽ നിറയെ. സങ്കല്പത്തിന്റെയും യാഥാർത്യത്തിന്ടെയും അതിർ വരമ്പുകൾ പലപ്പോളും നഷ്ടപ്പെട്ട് പോകുന്ന പോലെ.
യൗവനം കുടുമ്പത്തിനു വേണ്ടി ഹോമിച്ച ഒരുപാടൊരുപാട് വീട്ടമ്മമാരിൽ ഒരാളായി അവളും. പക്ഷെ എന്തോ ആ നീല കണ്ണാടിയിൽ നോക്കുമ്പോൾ അവൾക്കു സൗന്ദര്യം കൂടിയ പോലെ. യൗവനവും സ്വപ്നങ്ങളും ഒരു ലഹരി കണക്കെ അവളിലേക്ക് ഇരച്ചു കയറി കൊണ്ടിരുന്നു. അങ്ങനെ നീല കണ്ണാടി അവൾക്കു ഓരോ ദിവസവും പുതിയ രൂപങ്ങൾ നൽകി. അവൾ പൂവായും പൂമ്പാറ്റയായും ആടി തിമർത്തു. മേഘങ്ങളായും മഴയായും പെയ്തിറങ്ങി.
ഋതുബേധങ്ങൾ അവളെ പ്രണയിനിയും വിരഹിണിയും ആക്കി.
കടമകളും കർത്തവ്യങ്ങളും അവൾ മുറ തെറ്റാതെ ചെയ്തു പൊന്നു. ചോറിന്റെ വേവോ കറിയിലെ ഉപ്പോ പോലും വ്യത്യാസം വന്നില്ല. അലക്കി തേച്ച വസ്ത്രങ്ങളും പോളിഷ് ചെയ്ത ഷൂസും മാത്രം കണ്ടിരുന്നവർക്കു അത് ചെയ്ത കൈകളെ കാണാനായില്ല. അവളുടെ ലോകം നീലക്കണ്ണാടിയിലേക്കു ചുരുങ്ങി.
ഉടുത്തിരുന്ന സാരിക്ക് നിറം കൂടിയപ്പോൾ നെറ്റികൾ ചുളിഞ്ഞു. കുപ്പി വളയും പാദസ്വരവും അവൾക്കു താളം കൊടുത്തപ്പോൾ സംശയത്തിന്റെ പിറുപിറുക്കൽ തുടങ്ങി. വലിയ വട്ട പൊട്ടിൽ അവൾ സ്വപ്നങ്ങൾക്കു നിറം കൊടുത്തപ്പോൾ അവൾ അഹങ്കാരിയായി. കണ്ണാടി കാണിച്ച ലോകത്തിൽ അവൾ സ്വതന്ത്രയായി ജീവിച്ചു. മനസ് തുറന്നു ചിരിച്ചു. എല്ലാം മറന്നു കരഞ്ഞു. അങ്ങനെ അവർക്കു അവൾ ഭ്രാന്തിയുമായി.
ഒരു ദിവസം അവജ്ഞയോടെ അയാൾ നീല കണ്ണാടി വലിച്ചെറിഞ്ഞുടച്ചപ്പോൾ ചിന്നി ചിതറി പോയ ഭാര്യയെ കണ്ടയാൾ ഞെട്ടി.
അവളുടെ യൗവനവും സ്വപ്നങ്ങളും മോഹങ്ങളും കോരി കളഞ്ഞപ്പോൾ അയാൾക്ക് ഒരു നഷ്ടബോധം തോന്നി. എന്നോ സ്നേഹിച്ചിരുന്ന അവളുടെ വ്യക്തിത്തവത്തിന്റെ ഓർമയിൽ ഉണർന്ന നഷ്ടബോധം.